ആഗോളതലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടു പോകുന്നത് ആശങ്കയോടെയാണ് ജനം നോക്കി കാണുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ രൂപയുടെ മൂല്യം കുറയുകയല്ല, ഡോളർ ശക്തിപ്പെടുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ധന മന്ത്രിക്കെതിരെ രൂക്ഷമായ പരിഹാസം ഉയർന്നിരുന്നു. എന്നാൽ ധനമന്ത്രി പറഞ്ഞതിന് പിന്നിൽ മറ്റാരും ചർച്ച ചെയ്യാത്ത ഒരു കാര്യം കൂടി ഉണ്ട്.
ലോകത്തിലെ ആറ് പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അളക്കുന്ന ഒരു യൂണിറ്റാണ് ഡോളർ സൂചിക. കഴിഞ്ഞ ഒരു വർഷമായി ഇത് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ എല്ലാ കറൻസിക്കെതിരെയും ഡോളർ ശക്തിപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം.
ഇന്ത്യൻ രൂപയും ഡോളറും തമ്മിലുള്ള വിപണന മൂല്യത്തിൽ ഒരു വർഷത്തിനിടെ വന്ന മാറ്റം പരിശോധിച്ചുനോക്കാം. 2021 ഒക്ടോബറിൽ ഒരു ഡോളർ എന്നാൽ 75 രൂപയായിരുന്നു. ഇന്ന് ഒരു ഡോളർ 82 രൂപയ്ക്ക് തുല്യമാണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വൻതോതിൽ വിമർശനം ഉയർന്നത്.
എന്നാൽ ഇന്ത്യൻ രൂപ, ലോകത്തിലെ മറ്റു പ്രധാന കറൻസികൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എങ്ങനെ പ്രവർത്തിച്ചു എന്നത് ഈ സാഹചര്യത്തിൽ പരിശോധിക്കേണ്ടതുണ്ട്. മറ്റു കറൻസികൾക്ക് എതിരെയും രൂപയുടെ മൂല്യം താഴോട്ട് പോവുകയാണെങ്കിൽ അത് ഇന്ത്യൻ രൂപ ദുർബലപ്പെട്ടു എന്നതിന് കൃത്യമായ തെളിവാണ്. എന്നാൽ ഡോളറിനെതിരെ മറ്റു കറൻസികളും ദുർബലപ്പെടുകയാണെങ്കിൽ, അത് ഇന്ത്യൻ രൂപയുടെയോ മറ്റ് കറൻസികളുടെയോ പ്രശ്നമാകില്ല, മറിച്ച് ഡോളർ ശക്തിപ്പെടുന്നത് തന്നെയാണ്.
ലോകത്തിലെ മറ്റ് പ്രധാന കറൻസികളായ ഗ്രേറ്റ് ബ്രിട്ടൻ പൗണ്ട് (ജിബിപി), യൂറോ, ജാപ്പനീസ് യെൻ എന്നിവയോട് ഇതേ കാലത്ത് രൂപ ശക്തിപ്പെടുകയാണ് ഉണ്ടായത്. 2021 ഒക്ടോബർ മാസത്തിൽ ഒരു ജിബിപി എന്നത് 104 രൂപയ്ക്ക് തുല്യമായിരുന്നു. എന്നാൽ ഇന്നത് 92 രൂപയിലേക്ക് ഉയർന്നു.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഒരു യൂറോ 88 രൂപയ്ക്ക് തുല്യമായിരുന്നു. ഇന്ന് യൂറോയ്ക്ക് എതിരെ രൂപ കൂടുതൽ ശക്തിയാർജിച്ച് 82 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഒരു യെൻ 65 പൈസയ്ക്ക് സമമായിരുന്നു. ഇന്നത് 55 പൈസയായി ഉയർന്നു.
അതായത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഡോളറിനെതിരെ ദുർബലപ്പെട്ടു എങ്കിലും മറ്റു പ്രധാന കറൻസികൾ ക്കെതിരെ ഇന്ത്യൻ രൂപ ശക്തിപ്പെടുന്ന സാഹചര്യമായിരുന്നു. അതായത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതുപോലെ ഇന്ത്യൻ രൂപ ദുർബലപ്പെടുകയല്ല, ഡോളർ ശക്തിപ്പെടുകയാണ്.