നൂറ്റാണ്ടുകൾ പഴക്കമുള്ള ജപ്പാനിലെ ഒരു ടോയ്ലെറ്റ് ഇടിച്ചു തകർത്ത് കാർ. രാജ്യത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി ഒരു ബുദ്ധക്ഷേത്രത്തിൽ സംരക്ഷിച്ചു പോന്നിരുന്ന ടോയ്‌ലെറ്റ് ആണ് കാർ ഇടിച്ചുകയറി തകർന്നത്. ടോയ്ലെറ്റിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ജീവനക്കാരന്റെ തന്നെ കാറാണ് ടോയ്ലെറ്റിന് നേരെ അബദ്ധവശാൽ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ടോയ്ലെറ്റ് ഭാഗികമായി തകർന്നതായി പൊലീസ് അറിയിച്ചു.
പടിഞ്ഞാറൻ ക്യോട്ടോ മേഖലയിലെ ടോഫുകുജി ക്ഷേത്രത്തിലെ പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്ന ടോയ്‌ലെറ്റ് ആണ് കാർ അപകടത്തിൽ തകർന്നത്. ഈ ടോയ്‌ലെറ്റ് രാജ്യത്തിൻറെ സ്വകാര്യ പൈതൃക പട്ടികയിൽ ഇടം നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇതിൻറെ സംരക്ഷണത്തിനായി പ്രത്യേക ജീവനക്കാരെ ഉൾപ്പടെ നിയോഗിച്ചിരുന്നു.
എന്നാൽ, ക്യോട്ടോ ഹെറിറ്റേജ് പ്രിസർവേഷൻ അസോസിയേഷനിൽ നിന്നുള്ള 30 -കാരനായ ഡ്രൈവർ തിങ്കളാഴ്ച രാവിലെ തന്റെ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ ടോയ്ലെറ്റിന് നേരെ പാഞ്ഞു ചെല്ലുകയായിരുന്നു. സൈറ്റിലേക്ക് പ്രവേശിക്കുന്ന വാതിൽ പൂർണ്ണമായും തകർക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന തടിവാതിൽ ആയിരുന്നു ഇത്.
വാതിൽ പഴയ രീതിയിൽ പുനസ്ഥാപിക്കാൻ ഏറെ പണിപ്പെടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. ഉള്ളിലെ ഭിത്തികൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, എന്നാൽ യഥാർത്ഥ ശുചിമുറികൾ (രണ്ട് നിര കുഴികൾ ) ക്ക് തകരാറ് സംഭവിച്ചിട്ടില്ലന്ന് സാംസ്കാരിക പൈതൃക സംരക്ഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ നൊറിഹിക്കോ മുറാറ്റ പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സന്ന്യാസിമാർ അവരുടെ സന്യാസ പരിശീലനത്തിന്റെ ഭാഗമായി പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന ടോയ്‌ലറ്റ് ആണിത്. നിലവിൽ ഇത് ആരും ഉപയോഗിക്കുന്നില്ല. ഈ പ്രധാനപ്പെട്ട സാംസ്കാരിക സ്വത്തിന്റെ ഒരു ഭാഗം ഇതുപോലെ നശിപ്പിക്കപ്പെട്ടത് തീർച്ചയായും നിരാശാജനകമാണന്ന് മുരാറ്റ പറഞ്ഞു. അതിന്റെ സാംസ്കാരിക മൂല്യം പരമാവധി നിലനിർത്തുന്ന രീതിയിൽ അത് എങ്ങനെ പുനഃസ്ഥാപിക്കാമെന്ന് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.