ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ, ശ്രദ്ധേയമായി ശശി തരൂരിന്റെ ട്വീറ്റ്. എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട്, മലയാളമുൾപ്പെടെ 20 ഭാഷകളിലായിട്ടാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിലെ നാഴികകല്ലായി ഈ ചരിത്ര മുഹൂർത്തത്തെ മാറ്റിയതിന് നന്ദി എന്നാണ് തരൂരിന്റെ ട്വീറ്റിലെ വാചകങ്ങൾ. വോട്ടെണ്ണൽ നടക്കുന്ന സമയത്താണ് തരൂരിന്റെ പ്രതികരണം. പല പിസിസികളിലും തരൂരിന് തണുപ്പൻ സ്വീകരണമാണ് ലഭിച്ചിരുന്നത്. എന്നാൽ പടിപടിയായി അദ്ദേഹത്തിന്റെ പിന്തുണ വർദ്ധിക്കുന്നതും കണ്ടു. മധ്യപ്രദേശിൽ പിസിസിയിൽ കമൽനാഥ് തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. യുവനേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.
അതേ സമയം മല്ലികാർജ്ജുന ഖർഗയുടെ വീട്ടിൽ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഖർഗെയുടെ വീട്ടിലേക്ക് പ്രവർത്തകർ എത്തുകയാണ്. രാവിലെ നേതാക്കൾ എത്തി ഖർഗെയെ കണ്ടിരുന്നു. വീട്ടിൽ ആഘോഷത്തിനായി ഒരുക്കങ്ങൾ തുടങ്ങി. വീടിന് മുന്നിൽ അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചു ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങൾ നടക്കുന്നു. കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഖർഗെയുടെ വീട്ടിൽ എത്തിയിരുന്നു. ഖർഗെയുടെ വിജയം ഉറപ്പെന്ന് ഗൗരവ് വല്ലഭ് പ്രതികരിച്ചു. ഖർഗെയുടെ നാടായ ഗുൽബർഗയിൽ നിന്നുള്ള പ്രവർത്തകർ ഉൾപ്പെടെയാണ് വീട്ടിലേക്ക് എത്തുന്നത്.
68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെപ്പറ്റി ഉന്നയിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂർ ക്യാമ്പിലെ പ്രമുഖ നേതാവ് സൽമാൻ സോസ് പറഞ്ഞു.