അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന പറ്റിക്കലുകളും മറ്റും ഇന്ത്യയിലെവിടെയും വാർത്തയാണ്. ഇലന്തൂരിലെ നരബലിയുടെ വാർത്ത കേട്ട ഞെട്ടലിൽ നിന്നും കേരളം ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ, ഹൈദ്രബാദിൽ പൊലീസ് ഒരു അച്ഛന്റെയും മകന്റെയും കൊലപാതകം തെളിയിച്ചിരിക്കയാണ്. എന്നാൽ, അതിന്റെയും വേര് തേടിപ്പോയാൽ എത്തിപ്പെടുന്നത് അന്ധവിശ്വാസത്തിൽ തന്നെയാണ്.
കൊല്ലപ്പെട്ടതിൽ ഒരാൾ 75 -വയസുകാരനായ ഒരു കുടുംബ പൂജാരി. മറ്റൊന്ന് അയാളുടെ മകനും. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും കൊല്ലപ്പെട്ടത്. 31 -കാരനായ ഒരു യുവാവാണ് ഇരുവരേയും കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം ചെയ്ത ആൾക്ക് കൊല്ലപ്പെട്ട ആളെ വളരെ നേരത്തെ തന്നെ പരിചയമുണ്ട്. ഈ പൂജാരി പൂജ ചെയ്താൽ എന്തും നടക്കും എന്ന അന്ധവിശ്വാസവും കൊണ്ടു നടക്കുന്ന ആളായിരുന്നു 31 -കാരനായ യുവാവ്.
യുവാവ് 2016 -ലെ പൊലീസ് റിക്രൂട്ട്‍മെന്റ് ടെസ്റ്റിൽ പങ്കെടുത്തിരുന്നു. പൂജാരിയെ കൊണ്ട് പൂജ ചെയ്യിച്ചാൽ തനിക്ക് ആ ജോലി കിട്ടും എന്ന് ഇയാൾ ഉറച്ച് വിശ്വസിച്ചു. പൂജാരിയാവട്ടെ ഇതിന്റെ പേരിൽ ആറ് ലക്ഷം രൂപയും യുവാവിൽ നിന്നും കൈപ്പറ്റി. മറ്റൊരാൾക്ക് 12.50 ലക്ഷം രൂപ നൽകാനും പ്രേരിപ്പിച്ചു.
എന്നാൽ, യുവാവിന് ആ പൊലീസ് ജോലി കിട്ടിയില്ല. ഇതോടെ തന്റെ ലക്ഷങ്ങൾ തിരികെ വേണം എന്ന് ഇയാൾ ആവശ്യപ്പെട്ട് തുടങ്ങി. 12.50 ലക്ഷം രൂപ വാങ്ങിയ ആൾ 10 ലക്ഷം രൂപ തിരികെ കൊടുത്തു. 2.50 ലക്ഷത്തിന്റെ ചെക്കും നൽകി. എന്നാൽ, പൂജാരിക്ക് ആറ് ലക്ഷം രൂപ തിരികെ നൽകാൻ സാധിച്ചില്ല. അതേ സമയം തന്നെ യുവാവിന് തന്റെ സ്വകാര്യജീവിതത്തിലും സാമ്പത്തിക കാര്യത്തിലും പല പ്രശ്നങ്ങളും വരികയും അത് പരിഹരിക്കാൻ പൂജാരിയെ കൊണ്ട് പൂജ ചെയ്യിക്കുകയും അയാൾക്ക് പലപ്പോഴായി പണം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇയാൾ പൂജാരിയോട് തന്റെ ആറ് ലക്ഷം രൂപ തിരികെ തരാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പൂജാരി ഇയാളെ അവഗണിക്കുകയായിരുന്നു. തനിക്ക് രോഗം വരുന്നതിനും, സാമ്പത്തിക നഷ്ടം സംഭവിച്ചതിനും എല്ലാ പൗർണമി ദിനങ്ങളും മോശമായി അനുഭവപ്പെടുന്നതിനും കാരണം പൂജാരി ആറ് ലക്ഷം രൂപ തിരികെ തരാതിരിക്കാൻ ദുർമന്ത്രവാദം ചെയ്യുന്നതാണ് എന്നും ഇയാൾ ഉറച്ച് വിശ്വസിച്ചു.
അങ്ങനെ മറ്റുള്ളവരുടെ സഹായത്തോടെ പൂജാരിയെ ഇല്ലാതെയാക്കാൻ തന്നെ അയാൾ തീരുമാനിച്ചു. ശേഷം ഒക്ടോബർ 14 -ന് പൂജാരിയുടെ വീട്ടിലെത്തി അയാളെയും മകനെയും അക്രമിച്ചു. സംഭവത്തിൽ പൂജാരിയും മകനും കൊല്ലപ്പെടുകയും ചെയ്തു. ഏതായാലും സംഭവത്തെ തുടർന്ന് യുവാവും ചില കൂട്ടാളികളും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.