കർണൂൽ (ആന്ധ്രപ്രദേശ്) ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിക്കുന്നതിനു മുൻപുതന്നെ ഫലം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ആന്ധ്രപ്രദേശിലെ കർണൂലിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു രാഹുലിന്റെ ഫല‘പ്രവചനം’. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു വാർത്താസമ്മേളനം. രണ്ടു മണിയോടെയാണ് മല്ലികാർജുൻ ഖർഗെയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ റോൾ ഇനി എന്താകുമെന്നായിരുന്നു മാധ്യമപ്രർത്തകന്റെ ചോദ്യം. ‘‘അക്കാര്യം കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ തീരുമാനിക്കും. ഖർഗെജിയോടും സോണിയാജിയോടും ചോദിക്കൂ’’– എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ ഈ സമയം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല.
കോൺഗ്രസിന്റെ മുഖം രാഹുൽ ഗാന്ധിയാണെന്നിരിക്കെ പുതിയ അധ്യക്ഷന്റെ പങ്ക് എന്തായിരിക്കുമെന്ന ചോദ്യവും രാഹുൽ നേരിട്ടു. ‘കോൺഗ്രസ് അധ്യക്ഷന്റെ പങ്കിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല, അതു ഖർഗെജിയാണ്. കോൺഗ്രസ് അധ്യക്ഷനാണ് പാർട്ടിയിലെ പരമാധികാരി. പാർട്ടി എങ്ങനെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം കൃത്യമായി തീരുമാനിക്കും.’’– രാഹുൽ പറഞ്ഞു.