കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നാട്ടുകാർ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. മൃഗസ്നേഹികൾ കോടതിയെ സമീപിച്ചതിനാലായിരുന്നു ജഡം പുറത്തെടുത്തുള്ള പോസ്റ്റ്‌മോർട്ടം. നായയെ അടിച്ചു കൊന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. നായയെ തല്ലിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ രണ്ടിടങ്ങളിലായി പത്തുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. തലശ്ശേരിക്കടുത്ത് കൊളശ്ശേരി ക്ഷേത്ര പരിസരത്ത് വച്ചാണ് രണ്ട് വിദ്യാർത്ഥികളെയടക്കം 6 പേരെ നായ കടിച്ചത്. കണ്ണൂർ എകെജി ആശുപത്രി പരിസരത്ത് വച്ച് നാലുപേർക്കും തെരുവ് നായയുടെ കടിയേറ്റു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് ഇല്ലാത്തതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ച മുൻപ് പേ വിഷബാധയുള്ള നായയുടെ കടിയേറ്റ് കണ്ണൂരിൽ ആറുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ സാഹചര്യം നിലനിൽക്കേ ജില്ലാ ആശുപത്രിയിൽ പേ വിഷബാധ പ്രതിരോധ മരുന്ന് ഇല്ലാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
അട്ടപ്പാടിയിൽ വീണ്ടും തെരുവ് നായ ആക്രമണം. പുതൂർ പഞ്ചായത്ത് മേലെ ഭൂതയാറിലെ ചെല്ലന് കടിയേറ്റു. രാവിലെ 10 മണിയോടെ ആണ് സംഭവം. വീടിനടുത്തു നിൽക്കുമ്പോൾ ആണ് അതുവഴി വന്ന തെരുവ് നായ ആക്രമിച്ചത്. കാലിനാണ് കടിയേറ്റത്. ചെല്ലനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.