കൊയിലാണ്ടി: ദേശീയപാതാ വികസനത്തെയും ഗെയിൽ പൈപ്പ് പദ്ധതിയേയും എതിർത്തവരെപ്പോലെ കെ റെയിലിനെതിരെ വിവാദമുണ്ടാക്കുന്നവർക്കും പത്തിമടക്കേണ്ടി വരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. മതന്യൂനപക്ഷങ്ങളിലെ സാധാരണക്കാർ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നു എന്നതാണ് കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നിലെ വികാരം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാട്ടിലപ്പീടികയിൽ നടന്ന ‘കെ റെയിൽ : നേരും നുണയും ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലയിടത്തും നിലവിലുള്ള റെയിൽപ്പാളത്തിനടുത്തായി 20 മീറ്റർ മാത്രമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വിലയുടെ ഏതാണ്ട് മൂന്നിരട്ടിയിലധികം വിലയും നഷ്ടപ്പെടുന്ന വീട് ഇന്നുണ്ടാക്കാനുള്ള ചെലവിന് സമാനമായ തുകയും നൽകും. വീട് നിർമിക്കാനുള്ള കാലതാമസം പരിഗണിച്ച് ഏകദേശം ഒന്നര വർഷത്തെ വാടക കൊടുക്കും. പണം അക്കൗണ്ടിൽ എത്തിയതിനു ശേഷമേ സ്ഥലമായാലും വീടായാലും വിട്ടുകൊടുക്കേണ്ടതുള്ളൂ. പാവപ്പെട്ടവർ എക്കാലവും പാവപ്പെട്ടവരായി നിലനിൽക്കണമെന്നതാണ് സമരക്കാരുടെ താൽപ്പര്യം. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴിൽ നൽകാനാകണം. അതിനാണ് കെ റെയിൽ പോലുള്ള പദ്ധതികൾ. വലിയ വ്യവസായികൾക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ടാകണം. ഉമ്മൻ ചാണ്ടി 300 കിലോമീറ്റർ സ്പീഡ് വേണമെന്നാണ് പറഞ്ഞത്. നമ്മളിത് 200 കിലോമീറ്റർ വേഗതയിലാണ് നിർമിക്കുന്നത്. യുഡിഎഫ് എന്തു വികസനമാണ് കേരളത്തിൽ കൊണ്ടുവന്നത്. യുഡിഎഫ് നടക്കില്ലെന്നു പറഞ്ഞ് ഒഴിവാക്കിയ ദേശീയപാതാ വികസനം എൽഡിഎഫ് പ്രവൃത്തി പഥത്തിലെത്തിച്ചു. ഒരു വികസനവും നടപ്പാക്കാൻ കഴിയാത്തവരുടെ വിമർശനമായി മാത്രമേ കെ റെയിൽ വിരുദ്ധ സമരത്തെ കാണാനാവൂ– അദ്ദേഹം പറഞ്ഞു.
സാമൂഹ്യാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും നടത്തി പ്രശ്നങ്ങൾ പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് സെമിനാറിന്റെ ഭാഗമായി ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി തോമസ് ഐസക് പറഞ്ഞു. കേന്ദ്രം അനുവദിക്കുന്ന തുക മാത്രമേ കടമായി വാങ്ങാൻ കഴിയൂ എന്നതിനാൽ സംസ്ഥാനം കടക്കെണിയിലാകുമെന്ന വിമർശനത്തിൽ കഴമ്പില്ല. കടം വാങ്ങാനും പദ്ധതി നടപ്പാക്കാനും തന്റേടം വേണം.
എല്ലാ 500 മീറ്ററിലും ഒരു അടിപ്പാതയുണ്ടാകും. നിലവിലുള്ള റോഡുകൾ നിലനിർത്തും. ജനതക്ക് സംസ്ഥാന സർക്കാരിൽ വിശ്വാസമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം പി വിശ്വൻ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണൻ, കാനത്തിൽ ജമീല എംഎൽഎ,കെ ദാസൻ, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.