വികൃതി കാണിച്ച കുട്ടികളഎ മുഖം മൂടി ധരിച്ച് ഭയപ്പെടുത്തിയ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്. മിസിസിപ്പിയിലാണ് സംഭവം. അഞ്ച് ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളെ മുഖംമൂടി ധരിച്ച് ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുന്നതിന്‍റേയും കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഡേ കെയറിലെ ക്രൂരത പുറത്തായത്. ലിറ്റില്‍ ബ്ലെസിംഗ് ഡേ കെയറിലെ ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്.
സിയേര മക്കാന്‍ഡില്‍സ്, ഓസ് അന്ന കില്‍ബേണ്‍, ഷീന്‍ ഷെല്‍ട്ടണ്‍. ജെന്നിഫര്‍ ന്യൂമാന്‍, ട്രേസി ഹ്യൂസ്റ്റണ്‍ എന്നിവര്‍ക്കെതിരെയാണ് കുട്ടികളെ ദുരുപയോഗം ചെയ്തതിനും പീഡിപ്പിച്ചതിനും കേസ് എടുത്തിരിക്കുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്ത് മടി കാണിച്ച കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു ജീവനക്കാരുടെ ക്രൂരത. ഭീതിപ്പെടുത്തുന്ന മുഖം മൂടിയുമായി എത്തുന്ന ആളിനെ കണ്ട് അലറി വിളിക്കുന്ന കുട്ടികളെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും. കഴിഞ്ഞ മാസമാണ് ഈ സംഭവം നടക്കുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഈ ആഴ്ചയാണ് ക്രൂരതയുടെ ദൃശ്യം പുറത്ത് വന്നത്. സീസി എന്ന പേരില്‍ അറിയപ്പെടുന്ന സിയേരയാണ് മുഖംമൂടിയണിഞ്ഞ് എത്തിയത്.
വീഡിയോ വൈറലായതിന് പിന്നാലെ സിയേര സമൂഹമാധ്യമങ്ങളില്‍ തന്‍റെ ചെയ്തികളില്‍ ക്ഷമാപണം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരെയും വേദനിപ്പാക്കാനോ ദുരുദ്ദേശം വച്ചോ ആയിരുന്നില്ല നടപടിയെന്നാണ് സംഭവത്തേക്കുറിച്ച് സിയേര പറയുന്നത്. സഹപ്രവര്‍ത്തകനെ ഭയപ്പെടുത്താനായി വാങ്ങിയ മുഖം മൂടി വച്ചായിരുന്നു സിയേര കുട്ടികളെ ഭയപ്പെടുത്തിയത്. അധ്യാപിക കുട്ടികളെ ഒന്ന് അടക്കി ഇരുത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രകാരമായിരുന്നു ഭയപ്പെടുത്തലെന്നും സിയേര പ്രതികരിക്കുന്നു. 16ാം വയസുമുതല്‍ ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നും കുട്ടികളഎ ഏറെ ഇഷ്ടമാണെന്നും ക്ഷമാപണ വീഡിയോയില്‍ സിയേര പറയുന്നുണ്ട്.