പത്തനംതിട്ട : ചൂട് തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. വേനല്‍ച്ചൂട് ശക്തമാകുന്നതോടെ ഉപഭോഗം ഇത്തവണ റെക്കോഡ് ഭേദിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, സംഭരണികളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായ ജലനിരപ്പുണ്ടായിട്ടും ആഭ്യന്തര വൈദ്യുതോത്പാദനത്തില്‍ 20 മുതല്‍ 30 ശതമാനംവരെ കുറവ് വരുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതുകാരണം ഇറക്കുമതി വൈദ്യുതിയുടെ അളവ് ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതി ഇറക്കുമതി ബോര്‍ഡിന് അധിക സാമ്പത്തികഭാരം വരുത്തുമെന്നാണ് മുന്‍കാലകണക്കുകള്‍ വ്യക്തമാക്കുന്നത്. ഏതാനും ദിവസമായി പ്രതിദിന വൈദ്യുതി ഉപഭോഗം 74 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇതില്‍ ഓരോദിവസവും വര്‍ധനയുണ്ട്. അതേസമയം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതോത്പാദനം 15 മുതല്‍ 19 മില്യണ്‍ യൂണിറ്റ് വരെയാണ്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ഇറക്കുമതി 55-56 ദശലക്ഷം യൂണിറ്റ് വരെയായി ഉയര്‍ന്നിട്ടുണ്ട്.
ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധനയനുസരിച്ച് ആഭ്യന്തര ഉത്പാദനം കൂട്ടാതെയിരുന്നാല്‍ ഇറക്കുമതി ഇനിയും ഉയരും.സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 89 ശതമാനം വെള്ളമുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴുശതമാനം കൂടുതലാണിത്. ഇതുപയോഗിച്ച് 3691.662 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.