മുംബൈ : പീഡന കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അത് കോടതിയ്ക്ക് കൈമാറുകയായിരുന്നു. ഈ ഫലമാണ് പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13-നാണ് ബിനോയിക്കെതിരെ പീഡന പരാതി നല്‍കിയത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.