റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ വാനില്‍ ശ്വാസംമുട്ടി മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം ഖബറടക്കി. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥി ഹസന്‍ ഹാശിം അലവി അല്‍ശുഅ്‌ല ആണ് മരണപ്പെട്ടത്. ഖത്തീഫിലെ ഹല്ല മജീശ് ഗ്രാമത്തിനും അല്‍ജാഠൂദിയ ഗ്രാമത്തിനും ഇടയിലാണ് ഖബര്‍സ്ഥാന്‍. ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ മൂലമാണ് ഖബറടക്കം വൈകിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹസന്‍ ഹാശിം മരിച്ചത്. സ്‌കൂള്‍ വാന്‍ ഇപ്പോഴും ബന്ധപ്പെട്ട വകുപ്പുകളുടെ കസ്റ്റഡിയിലാണ്. ഈ വാന്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ളതല്ല. സ്‌കൂള്‍ അധികൃതര്‍ വാടകക്കെടുത്തതായിരുന്നു. സ്‌കൂളിന് മുമ്പിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരമാണയത്. എല്ലാ ദിവസവും രാവിലെ 6.30ന് വനിതാ സൂപ്പര്‍വൈസര്‍ക്ക് ഒപ്പമാണ് വാനുമായി ഡ്രൈവര്‍ എത്തുന്നത്. സംഭവ ദിവസം രാവിലെ സൂപ്പര്‍വൈസര്‍ ഇല്ലാതെയാണ് എത്തിയതെന്നും അന്വേഷിച്ചപ്പോള്‍ സൂപ്പര്‍വൈസര്‍ക്ക് അസുഖമാണെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടിയുടെ പിതാവ് ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു.
ഉച്ചയ്ക്ക് 11.15ഓടെ ഡ്രൈവര്‍ ഫോണില്‍ വിളിച്ച് മകന്‍ അനക്കമില്ലാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ പിതാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ കുട്ടിയെ സ്‌കൂളിന് സമീപമുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട് കുട്ടിയെ ബന്ധുക്കളിലൊരാള്‍ കൂടുതല്‍ സൗകര്യമുള്ള പോളിക്ലിനിക്കിലേക്ക് മാറ്റിയതായി കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബസില്‍ വെച്ച് തന്നെ കുട്ടി മരണപ്പെട്ടതായി പരിശോധനകളില്‍ വ്യക്തമായി. എട്ടു മക്കളുള്ള ഹാശിമിന്റെ ഇളയ മകനാണ് ഹസന്‍.
അടുത്തിടെ ഖത്തറില്‍ സ്കൂള്‍ ബസില്‍ മലയാളി ബാലിക മരണപ്പെട്ടിരുന്നു. ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂൾ അടയ്ക്കാൻ അധികൃതര്‍ ഉത്തരവിട്ടിരുന്നു. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് .