തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരായ കെപിസിസി അച്ചടക്ക നടപടിയിൽ ഇന്ന് തീരുമാനത്തിന് സാധ്യത. മുതിർന്ന നേതാക്കൾ ആലോചിച്ച് അച്ചടക സമിതി ചർച്ച ചെയ്താകും തീരുമാനം. നടപടിയിൽ പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ട്. ഒളിവിൽ പോയത് ശരിയായില്ല എന്നും നടപടി വൈകി എന്നും ചിലർ പറയുന്നു. എന്നാൽ മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ എൽദോസ് പറയുന്നത് കൂടി കേൾക്കണം എന്ന ചിന്ത ഉള്ളവരും ഉണ്ട്.
ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ പറഞ്ഞു. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ പറഞ്ഞു. ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും.
എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. ഇന്ന് രാവിലെ ഒൻപത് മണിക്ക് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് എല്‍ദോസിന് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്.
കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു. ഒളിവ് ജീവിതത്തിന് ശേഷം പുറത്ത് വന്ന എല്‍ദോസ് ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.