കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളിലായി എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും അനധികൃതമായി കടത്തിയ മദ്യവും പിടികൂടി. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ സുധാകരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും മദ്യവും പിടികൂടിയത്. മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ബീച്ച് ഭാഗത്ത് വെച്ച് 0.460 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം വെള്ളയിൽ ദേശത്ത് തൊടിയിൽ വീട്ടിൽ ഹാഷിം (45 ), 50 ഗ്രാം കഞ്ചാവുമായി കോഴിക്കോട് താലൂക്കിൽ കസബ അംശം പുതിയ കടവ് ദേശത്ത് സുനേറബിയ മൻസിൽ സുബൈർ (54) എന്നിവരെ പിടികൂടിയത്. രാത്രിയിൽ നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ മദ്യം കാറിൽ കടത്തവെ ബാലുശ്ശേരി കണ്ണാടിപൊയിൽ സ്വദേശി സുബീഷ് (36) വയസ്സ് എന്നയാളെ എക്സൈസ് പൊക്കിയത്.
കൂടാതെ പാവമണി റോഡിൽ വച്ച് അഞ്ച് ലിറ്റർ മദ്യവുമായി നടുവട്ടം സ്വദേശി സുനിൽകുമാറിനെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ് എംകെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 9.75 ലിറ്റർ ഗോവൻ മദ്യവും പിടികൂടി. ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. പ്രിവന്‍റീവ് ഓഫീസർമാരായ മനോജ് പി, പ്രവീൺകുമാർ കെ,സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക് കെ എം, ജുബീഷ് കെ, അസ്ലം, മിനേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിജിനി കെ ആർ, ഡ്രൈവർ എഡിസൺ കെ ജെ എന്നിവരും ഉണ്ടായിരുന്നു.