ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരായ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേഘാലയ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്. അമിത് ഷാ തന്നോട് മോദിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി കൃഷി നിയമങ്ങള്‍ പിന്‍വലിച്ചത് വിശാലഹൃദയത്തോടെയെന്നും സത്യപാല്‍ മല്ലിക് പറഞ്ഞു. നേരത്തെ മോദിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് അമിത് ഷാ പറഞ്ഞതായി മല്ലിക്ക് സൂചിപ്പിച്ചിരുന്നു. ഞായറാഴ്ച ഹരിയാനയില്‍ വച്ച നടന്ന സമ്മേളനത്തിലെ സത്യപാല്‍ മല്ലിക്കിന്റെ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് മേഘാലയ ഗവര്‍ണറുടെ നിലപാട് മാറ്റം. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നായിരുന്നു സത്യാപാല്‍ ഞായറാഴ്ച പറഞ്ഞത്. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി വഴക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇനിയും എന്തെങ്കിലും അനീതി നടന്നാല്‍ കര്‍ഷകര്‍ വീണ്ടും സമരം ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കര്‍ഷക സമരത്തില്‍ തുടക്കത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പറഞ്ഞ നേതാവാണ് 75കാരനായ സത്യപാല്‍ മല്ലിക്. നേരത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മല്ലിക്. പിന്നീട് അദ്ദേഹത്തെ ഗോവയിലേക്കും അവിടെ നിന്ന് മേഘാലയയിലേക്കും സ്ഥലം മാറ്റിയിരുന്നു. മേഘാലയ ഗവര്‍ണറുടെ പരാമര്‍ശങ്ങളേക്കുറിച്ച് ബിജെപി ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.