നോയിഡ: ഓയോ ഹോട്ടൽമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ കൈക്കലാക്കിയ സംഘം ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും പണം നൽകിയില്ലെങ്കിൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കില്ലെന്നും കണ്ടെത്തി. സംഘത്തിലെ അംഗങ്ങൾ ഓയോ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുകയും മുറികളിൽ ഒളിക്യാമറകൾ സ്ഥാപിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ വീണ്ടും അതേമുറി എടുത്ത് ക്യാമറകൾ കൈക്കലാക്കി. പിന്നീടാണ് ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്തത്. ദൃശ്യങ്ങൾ ദമ്പതികളുടെ ഫോണിലേക്ക് അയച്ചു നൽകിയായിരുന്നു ഭീഷണി.
വിഷ്ണു സിംഗ്, അബ്ദുൾ വഹാവ്, പങ്കജ് കുമാർ, അനുരാഗ് കുമാർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. അനധികൃത കോൾ സെന്റർ, വ്യാജ സിം കാർഡ് തുടങ്ങി നിരവധി കേസുകളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പതിനൊന്ന് ലാപ്‌ടോപ്പുകൾ, 21 മൊബൈലുകൾ, 22 എടിഎം കാർഡുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. സംഘത്തിന് രാജ്യത്തുടനീളം ശൃംഖലയുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഘത്തിലെ ഒരാൾ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് ഒയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.