ദില്ലി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിച്ചിട്ടുണ്ടെന്ന് ഓൺലൈൻ പേയ്‌മെന്റ് ആപ്ലിക്കേഷനായ റേസർപേ. ഇഡി തങ്ങളുടെ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും റേസർപേ വ്യക്തമാക്കി. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ റേസർപേ റെയ്ഡ് ചെയ്തിരുന്നു. ഒന്നിലധികം ബാങ്കുകൾ വഴി അനധികൃത വ്യാപാരം നടത്തിയെന്ന ഡിസംശയത്തിന്റെ പേരിലായിരുന്നു റൈഡ് എന്ന് കമ്പനി വ്യക്തമാക്കി.
ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിച്ചാണെന്നും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാറില്ലെന്നും റേസർപേയുടെ വക്താവ് പറഞ്ഞു. റേസർപേയുടെ ഫണ്ടുകളൊന്നും മരവിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകൾക്ക് ശേഷം റേസർപേയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും വെർച്വൽ അക്കൗണ്ടുകളിലുമായി സൂക്ഷിച്ചിരുന്ന 46.67 കോടി രൂപ കണ്ടെത്തി മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബർ പകുതിയോടെ അറിയിച്ചിരുന്നു.
പൂനെയിലെ ഈസ്ബസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 33.36 കോടി രൂപയും ബാംഗ്ലൂരിലെ റേസർപേ സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 8.21 കോടി രൂപയും ബാംഗ്ലൂരിലെ കാഷ്ഫ്രീ പേയ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 1.28 കോടി രൂപയും പേടിഎം പേയ്‌മെന്റ് സേവനങ്ങളിൽ നിന്ന് 1.11 കോടി രൂപയും കണ്ടെത്തിയതായി ഏജൻസി അറിയിച്ചു.
ചെനീസ് ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയായത്. ആപ്പ് വഴി ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്. ഈ കേസിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.