കുവൈത്ത് സിറ്റി: കുവൈത്തില്‍ കടൽക്കൊള്ളക്കാരുടെ സാന്നിധ്യം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ ദാഹിർ അൽ സുവയാൻ. മൂന്ന് ദിവസത്തിനിടെ 20ലധികം മത്സ്യബന്ധന ബോട്ടുകള്‍ കടൽക്കൊള്ളക്കാർ കൊള്ളയടിച്ചു. ഫഹാഹീലിലോ ഷാർഖ് മേഖലയിലോ ഉള്ള പല മത്സ്യത്തൊഴിലാളികളും കവർച്ച ഭയന്ന് കടലിൽ ജോലിചെയ്യാനും മത്സ്യബന്ധനം നടത്താനും ആഗ്രഹിക്കുന്നില്ല.
കടൽക്കൊള്ളക്കാർ അവരുടെ മുഴുവൻ മത്സ്യബന്ധന ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും എയർ കണ്ടീഷണറുകളും ഒപ്പം മത്സ്യവും കൊള്ളയടിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ മറ്റ് സ്വകാര്യ സ്വത്തും കവർച്ച ചെയ്യപ്പെടുന്നു. രണ്ട് ചുവന്ന നിറത്തിലുള്ള ബോട്ടുകൾ നിരീക്ഷിച്ചതായും ഓരോന്നിലും നാല് കടൽക്കൊള്ളക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി അപകടകരമാണെന്നും ബന്ധപ്പെട്ട അതോറിറ്റികൾ മുൻകൈ എടുത്ത് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.