ന്യൂഡൽഹി∙ സുകാഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസ് അന്വേഷണത്തിനിടയിൽ കേസിൽ പ്രതിയായ നടി ജാക്വലിൻ ഫെർണാണ്ടസ് ഇന്ത്യ വിടാൻ ശ്രമിച്ചതായി അന്വേഷണ സംഘം. ജാക്വലിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് ഡൽഹി കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് പരിഗണിക്കുന്നത് നവംബർ 10ലേക്കു മാറ്റി. ജാക്വലിൻ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ നീക്കം ചെയ്ത് തെളിവുകൾ നശിപ്പിച്ചതായും ഇഡി കോടതിയിൽ ആരോപിച്ചു. ജാക്വലിൻ അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണത്തിനിടയിൽ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും ലുക്കൗട്ട് സർക്കുലറിൽ പേരുണ്ടായിരുന്നതിനാൽ അതിനു സാധിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളുമായി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിനും ജാക്വലിൻ സഹകരിച്ചില്ലെന്ന് ഇഡി അറിയിച്ചു.
അതിനിടെ ജാക്വലിൻ തന്നിൽനിന്നും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തിക തട്ടിപ്പു കേസിൽ അവരെ പ്രതിയാക്കിയത് വളരെ ദൗർഭാഗ്യകരമാണെന്നും കാട്ടി സുകാഷ് എഴുതിയ കത്ത് പുറത്തുവിട്ടു. ജാക്വലിനെ ന്യായീകരിച്ച് സുകാഷ് എഴുതിയ കത്താണ് അയാളുടെ അഭിഭാഷകൻ പുറത്തുവിട്ടത്. ‘സാമ്പത്തിക തട്ടിപ്പു കേസിൽ ജാക്വലിനെ പ്രതിയാക്കിയത് വളരെ ദൗർഭാഗ്യകരമാണ്. ഞങ്ങൾ അടുപ്പത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അവൾക്കും കുടുംബത്തിനും എന്തെങ്കിലും സമ്മാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അതിൽ അവർ എന്തു തെറ്റാണ് ചെയ്തത്. സ്നേഹിക്കണമെന്നും കൂടെനിൽക്കണമെന്നുമല്ലാതെ മറ്റൊന്നും അവൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.’– സുകാഷ് കത്തിൽ പറയുന്നു. അവർക്കായി ചെലവഴിച്ച ഒരോ പൈസയും നിയമാനുസൃതമായ വരുമാന സ്രോതസ്സുകളിലൂടെ സമ്പാദിച്ചതാണെന്നു പറഞ്ഞ സുകാഷ് തനിക്കെതിരെയുള്ള കേസ് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചു.