പട്ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ജോലി നിയമനപത്ര വിതരണ പരിപാടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുകരിച്ചാണെന്നു ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അവകാശപ്പെട്ടു. ബിഹാറിൽ സർക്കാർ ജോലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള നിയമന പത്രങ്ങൾ വൻതോതിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വിതരണം ചെയ്യുന്നുണ്ട്. ബിഹാർ മോഡൽ മറ്റു സർക്കാരുകളും അനുകരിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ തന്നെ അംഗീകരിച്ചു നടപ്പാക്കുകയാണെന്ന് തേജസ്വി പറഞ്ഞു.13 കോടി ജനങ്ങളുള്ള ബിഹാറിലെ ആരോഗ്യമേഖലയിൽ മാത്രം ഒരു ലക്ഷത്തിലധികം നിയമനങ്ങൾ നടത്താനാണ് തീരുമാനം. ഇപ്പോൾ രാജ്യത്ത് 75,000 ഉദ്യോഗാർഥികൾക്കു നിയമന പത്രം നൽകുന്ന പ്രധാനമന്ത്രി മോദി പ്രതിവർഷം രണ്ടു കോടി പേർക്കു തൊഴിൽ വാഗ്ദാനം ചെയ്തതു നടപ്പാക്കാത്തതെന്തു കൊണ്ടെന്നു തേജസ്വി ചോദിച്ചു. ബിഹാറിൽ 20 ലക്ഷം യുവജനങ്ങൾക്കു ജോലി നൽകുമെന്ന വാഗ്ദാനം നടപ്പാക്കുമെന്നു തേജസ്വി യാദവ് ഉറപ്പു നൽകി.