ഇടുക്കി: ഇടുക്കിയിലെ ഇരട്ടയാറിൽ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന മദ്യ വിൽപ്പന കേന്ദ്രത്തിൽ നിന്ന് പൊലീസ് 37 ലിറ്റർ വിദേശ മദ്യം പിടികൂടി. ഇരട്ടയാർ സ്വദേശി രാജേന്ദ്രനാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ദീപാവലിക്കും ഡ്രൈഡേയിലും വിൽപ്പന നടത്താൻ സൂക്ഷിചിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. ഇരട്ടയാറിൽ അനധികൃത മദ്യ വിൽപ്പന നടക്കുന്നതായി കട്ടപ്പന പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ മദ്യപിച്ചെത്തുന്ന ഭർത്താവ് സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കുന്നതായി ഒരു പരാതി പൊലീസിന് ലഭിച്ചു. ഇയാളെ വിളിച്ച് ചോദ്യം ചെയ്തപ്പോൾ രാജേന്ദ്രന്‍റെ ആക്രിക്കടയിൽ നിന്നാണ് മദ്യം വാങ്ങുന്നതെന്നുള്ള മൊഴിയാണ് നിര്‍ണായകമായത്.
എസ് ഐ കെ ദിലീപ് കുമാറിന്‍റെ നേതൃത്വത്തിൽ മഫ്തിയിൽ എത്തിയ പൊലീസ് രണ്ടു ദിവസം സ്ഥലത്ത് നിരീക്ഷണം നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. അഞ്ചു ബ്രാൻഡുകളിലെ 74 കുപ്പികളിലായി 37 ലിറ്റർ മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. വിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും കണ്ടെത്തി. ബിവറേജസ് ഔട്ട്‍ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യമാണിതെന്ന് രാജേന്ദ്രൻ പൊലീസിനോട് പറഞ്ഞു.
മുമ്പ് ചാരായ വിൽപ്പന കേസിലും ഇയാൾ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കട്ടപ്പനയിൽ മദ്യ വില്‍പ്പന നടത്തുന്ന മറ്റ് ചില കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ആലപ്പുഴയില്‍ കോടയും വാറ്റുപകരങ്ങളുമായി കഴിഞ്ഞ ദിവസം രണ്ട് പേർ എക്സൈസിന്‍റെ പിടിയിലായി. നഗരസഭ ആറാം വാർഡിൽ വാടാത്തല വീട്ടിൽ വിശാഖ് (34), നഗരസഭ വാർഡ് നാലാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ ഷാൻജോ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും ചേർന്ന് സുഹൃത്തിന്‍റെ ആൾ താമസമില്ലാത്ത ഷെഡ്ഡിൽ ചാരായം വാറ്റുന്നതിനിടെയാണ് പിടി വീണത്.