ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുകയാണ് ഷി ജിൻപിങ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു. മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബെയ്ജിംഗിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോണ്ഗ്രസ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ രണ്ട് പേർക്ക് മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തേക്കെത്താൻ മുമ്പ് അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങിലേക്കും എത്തിയത്. കർശന നിയന്ത്രണങ്ങളിൽ ചൈനയെ സീറോ കൊവിഡ് രാജ്യമാക്കുക ,തായ് വാൻ അധിനിവേശം ഇത് രണ്ടുമാണ് ഷീയുടെ ഹൃസ്വകാല ലക്ഷ്യങ്ങൾ. ഇന്ത്യ-ചൈന അതിർത്തി ബന്ധത്തിലും പ്രശ്നങ്ങൾ കൂടുന്നു.