കൂത്തുപറമ്പ് : “14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞതിതാണ്. വിഷ്‌ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിർമിച്ചതാണെന്നും തെളിവെടുപ്പിനിടെ ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരിൽ നിന്നാണെന്നും പൊലീസ് പറയുന്നു. കത്തി മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി.
കട്ടിങ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീന്‍ വാങ്ങി, പവര്‍ ബാങ്കും കരുതി. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്‍റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. കത്തിയും ചുറ്റികയും കയറും പ്രതി ബാഗിൽ കരുതിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്തറക്കുകയുമായിരുന്നു. കാലിനും കൈക്കും മുറിവേൽപ്പിച്ചിട്ടുണ്ട്.