ബംഗളൂരു: കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ വി. സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി യുവതി. മന്ത്രി തന്‍റെ മുഖത്തടിച്ചിട്ടില്ലെന്നും അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.’സഹായം അഭ്യർഥിക്കാൻ ഞാൻ അവിടെ പോയി. ഭൂമി നൽകാൻ അഭ്യർഥിക്കുകയും അദ്ദേഹത്തിന്റെ കാലിൽ വീഴുകയും ചെയ്തു. മന്ത്രി എന്നെ തല്ലിയതായി ആരോ പറഞ്ഞു. അടി കിട്ടിയിട്ടില്ല. മന്ത്രിക്കെതിരെയുള്ള ആരോപണം മാത്രമാണത്. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു’ -യുവതി വിശദീകരിച്ചു.
ശനിയാഴ്ച ചാമരാജനഗറിലെ ഹംഗല ഗ്രാമത്തിൽ നടന്ന പട്ടയവിതരണ മേളക്കിടെയാണ് മന്ത്രി വി. സോമണ്ണ യുവതിയുടെ മുഖത്തടിച്ചത്. പട്ടയം നൽകുന്നവരുടെ പട്ടികയിൽ പേര് ഉൾപ്പെടാത്തതിനാൽ മന്ത്രിയോട് പരാതി അറിയിക്കാനാണ് യുവതി എത്തിയത്.ക്ഷുഭിതനായാണ് മന്ത്രി അടുത്തേക്ക് വന്ന യുവതിയുടെ മുഖത്തടിച്ചത്. മുഖത്തടിയേറ്റിട്ടും അവർ മന്ത്രിയുടെ കാൽക്കൽവീണു പൊട്ടിക്കരഞ്ഞു. വിവാദമായതോടെ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയും സർക്കാറും വെട്ടിലായി.ഒരു ബി.ജെ.പി മന്ത്രി പൊതുജന മധ്യത്തിൽ സ്ത്രീകളെ അധിക്ഷേപിക്കുത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഡിസംബറിൽ നിയമ മന്ത്രി ജെ.സി. മധുസ്വാമി ഒരു കർഷകയെ പൊതുജനം നോക്കിനിൽക്കെ അധിക്ഷേപിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബവാലിയും വീട്ടമ്മയെ അധിക്ഷേപിച്ചിരുന്നു.