തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാവീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്‍റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും.
ഇതിനിടെ തൃശ്ശൂരിലെ ലഹരി കടത്തു കേസിൽ അന്വേഷണം തുടരുകയാണ്. ഇന്നലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതികളുടെ പറ്റു പുസ്തകത്തിൽ പേര് ഉണ്ടായിരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗൺസിലിംഗ് നൽകിയിരുന്നു. നാല് രക്ഷിതാക്കളെയാണ് ബോധവൽക്കരണം നടത്തിയത്. കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പറ്റു പുസ്തകത്തിൽ പലരുടെയും വിളിപ്പേരുകൾ ആണ് ഉള്ളത്. ഇതു വിദ്യാർഥികളെ കണ്ടെത്താൻ തടസം ആകുന്നുണ്ട്. പ്രതികളുടെ ഫോൺ വിവരം പരിശോധിക്കാൻ അന്വേഷണ സംഘം അനുമതി ചോദിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ഇടപാടുകാരായ വിദ്യാർഥികളിലേക്ക് എത്താൻ ആകുമെന്നാണ് കരുതുന്നത്. കേസിലെ മുഘ്യ പ്രതിയായ ഒല്ലൂർ സ്വദേശി അരുണിനെയും, മറ്റു രണ്ടു പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ എക്‌സൈസ് നാളെ കോടതിയിൽ അപേക്ഷ നൽകും.