ദില്ലി: തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനമായ ദില്ലിയിലെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം എന്ന വിഭാഗത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം ദില്ലിയിലെ 24 മണിക്കൂറിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 259 എന്നാണ് റിപ്പോർട്ട് ചെയ്തതിരുന്നത്. ഇത് ഏഴ് വർഷത്തിനിടെ ദീപാവലിക്ക് മുമ്പുള്ള ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
എന്നാല്‍ തലസ്ഥാന നഗരത്തിന്‍റെ പല ഭാഗങ്ങളിലും ആളുകൾ ദീപാവലി തലേന്ന് പടക്കം പൊട്ടിച്ചതിനാലും.ഒപ്പം താപനിലയിലും കാറ്റിന്‍റെ വേഗതയിലും കുറവുണ്ടായതിനാൽ രാത്രിയിൽ മലിനീകരണ തോത് ഉയർന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ആറിന് ദില്ലിയിലെ എ.ക്യു.ഐ 301 ആയിരിക്കുകയാണ്.
നഗരത്തിലെ 35 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ പത്തൊമ്പതും വായുവിന്റെ ഗുണനിലവാരം “വളരെ മോശം” വിഭാഗത്തിന് അടുത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാറിലെ മോണിറ്ററിംഗ് സ്റ്റേഷനില്‍ “ഗുരുതരം” മലിനീകരണ തോത് റിപ്പോർട്ട് ചെയ്തു.
ദില്ലിയുടെ അടുത്ത പട്ടണങ്ങളിലും വായു ഗുണനിലവാരം താഴ്ന്ന അവസ്ഥയിലാണ്. ഗാസിയാബാദ് (300), നോയിഡ (299), ഗ്രേറ്റർ നോയിഡ (282), ഗുരുഗ്രാം (249), ഫരീദാബാദ് (248) എന്നിവിടങ്ങളില്‍ മോശം വായുവിന്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്. പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യൂഐ നല്ലത് , 51 നും 100 ഇടയിലാണെങ്കില്‍ “തൃപ്‌തികരം”, 101 നും 200 ഇടയിലാണെങ്കില്‍ “മിതമായത്”, 201 നും 300 ഇടയില്‍ ആണെങ്കില്‍ “മോശം”, 301 ഉം 400 ഉം “വളരെ മോശം”, 401 ഉം 500 ഉം “ഗുരുതരം” എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാരം കണക്കാക്കുന്നത്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള പ്രവചന ഏജൻസിയായ സെഫാര്‍ നേരത്തെ പ്രവചിച്ചത് ശാന്തമായ കാറ്റും താഴ്ന്ന താപനിലയും കാരണം വായു മലിനീകരണം കൂടുമെന്നും. തിങ്കളാഴ്ച രാവിലെ വായുവിന്റെ ഗുണനിലവാരം “വളരെ മോശം” എന്ന വിഭാഗത്തില്‍ ആയിരിക്കുമെന്നും പ്രവചിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ പടക്കങ്ങള്‍ ആളുകള്‍ ഉപയോഗിച്ചാല്‍ ദീപാവലി രാത്രിയിൽ വായുവിന്‍റെ ഗുണനിലവാരം “ഗുരുതര” നിലയിലേക്ക് താഴുകയും, തുടര്‍ന്നുള്ള ദിവസം നഗരം “റെഡ്” സോണിൽ തുടരുകയും ചെയ്യുമെന്ന് സെഫർ പ്രവചിക്കുന്നു. തിങ്കളാഴ്ച രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കുകയാണ്.
കാറ്റിന്റെ വേഗത കുറവായതിനാൽ ദില്ലിയില്‍ പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീ കത്തിച്ചത് മൂലം ഉണ്ടാകുന്ന മലിനീകരണം കുറവായിരുന്നു. ഇത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു. എന്നാൽ തിങ്കളാഴ്ച ഇത് 8 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്.
ഇത് ഒക്ടോബർ 25-ന് ദില്ലിയിലെ വായു മലിനീകരണത്തിൽ വൈക്കോൽ കത്തിക്കുന്നതിന്റെ പങ്ക് 15-18 ശതമാനമായി വർധിപ്പിക്കുകയും വായുവിന്റെ ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിലേക്ക് എത്താനും സാധ്യതയുണ്ട്” സെഫർ പ്രോജക്ട് ഡയറക്ടർ ഗുഫ്രാൻ ബെയ്ഗ് പറഞ്ഞു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഞായറാഴ്ച വൈകുന്നേരം പഞ്ചാബിൽ 902 ഉം, ഹരിയാനയിൽ 217 ഉം, ഉത്തർപ്രദേശിൽ 109 ഉം കൃഷിയിടങ്ങളില്‍ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.