തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ വിവാദത്തിൽ മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരാണ് അവർ? ഞാൻ മറുപടി പറയാൻ യോഗ്യത ഉള്ള ആൾ ആണോ അവർ? എന്ന് ചോദിച്ച ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാൻ നിയമിച്ചതല്ലല്ലോ എന്നും പറഞ്ഞു. വൈസ് ചാൻസലർമാർക്കെതിരായ നടപടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കിൽ അവർ സുപ്രീം കോടതിയിൽ പോകട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. അതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് അഭിമുഖ യോഗ്യത പോലുമില്ലെന്നും ഗവർണർ തുറന്നടിച്ചു.
അതേസമയം സംസ്ഥാനത്തെ ഒമ്പത് വി സിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ ഗവർണർ വ്യക്തമാക്കി. സുപ്രീംകോടതി വിധി ചൂണ്ടികാണിച്ചാണ് ഗവർണർ വാർത്ത സമ്മേളനം നടത്തിയത്. വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ പ്രഖ്യാപിച്ചു. രാജിവെക്കാത്ത സാഹചര്യത്തിൽ വി സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗവർണർ വ്യക്തമാക്കി. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറായിരുന്ന ജയശ്രിക്കെതിരായ സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകൾക്കും ബാധകമാണെന്നതാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ പക്ഷം. വി സിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാൽ നിയമനം യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നമെന്നും ഗവർണർ വ്യക്തമാക്കി. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വി സിമാർക്കെതിരെയും നടപടി വന്നേക്കുമെന്നും സൂചിപ്പിച്ച ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
വൈസ് ചാൻസലർമാരെ താൻ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. നിയമവിരുദ്ധമായി നിയമനം നേടിയവർക്ക് പുറത്തേക്കുള്ള മാന്യമായ വഴി കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവർണർ പറയുന്നത്. വി സിമാരോട് അനുകമ്പയുണ്ടെന്നും പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായാണ് വി സിമാരോട് രാജി ആവശ്യപ്പെട്ടതെന്നും ഗവർണർ വിശദീകരിച്ചു. രാജിവച്ചാലും പുറത്താക്കിയാലും ഇപ്പോഴുള്ള വി സിമാർക്ക് വീണ്ടും വി സി സ്ഥാനത്തേക്ക് അപേക്ഷിക്കാനാകുമെന്നും യോഗ്യതയുണ്ടെങ്കിൽ അവരെയും പരിഗണിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അതേസമയം രാജി വെക്കാത്തിൽ വി സിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് നവംബർ 3 വരെ സമയം നൽകിയെന്നും അദ്ദേഹം അറിയിച്ചു. സർക്കാരും ഗവർണറും തമ്മിൽ പ്രശ്നമില്ലെന്നും താൻ സുപ്രീം കോടതി വിധി ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാർ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ആണ് താൻ പറയുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.