റിയാദ്: അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പങ്കെടുക്കില്ല. ദീര്‍ഘനേരത്തെ നോണ്‍ സ്റ്റോപ്പ് വിമാന യാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.
റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. കേള്‍വി സംബന്ധമായ ചികിത്സയിലായതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. അമീര്‍ മുഹമ്മദ് ബിന്സല്മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് സൗദി പ്രതിനിധി സംഘത്തെ നയിക്കും.
അതേസമയം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിൽ എത്തുന്ന അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. നവംബർ 15-16 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. മോദിയും ഈ സമ്മേളനത്തിനുണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാനെ ക്ഷണിച്ചിരുന്നു.