ധാക്ക : ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിൽ സിത്രംഗ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മതിലുകളും മരങ്ങളും തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി. അപകടത്തെ തുടർന്ന് ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗൽകോട്ട്, ഭോലയിലെ ചാർഫെസൺ, നാരയിലിലെ ലോഹഗര എന്നിവിടങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോർട്ട്.
സിത്രാംഗ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ കോക്‌സ് ബസാർ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റി. സിത്രംഗ് ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനാൽ 576 ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ആവശ്യമെങ്കിൽ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കോക്‌സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മാമുനൂർ റഷീദ് പറഞ്ഞു. സഹായത്തിന് യൂണിയൻ പരിഷത്ത് ചെയർമാനുമായോ ഉപജില്ലാ നിർഭഹി ഓഫീസറുമായോ ജില്ലാ കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മെഡിക്കൽ ടീമുകൾ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്. അരി, ഡ്രൈ ഫുഡ്, ഡ്രൈ കേക്കുകൾ, ഡൈജസ്റ്റീവ് ബിസ്‌ക്കറ്റുകൾ എന്നിവ മുൻകരുതലായി സൂക്ഷിച്ചിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് രൂപപ്പെട്ട സിത്രാംഗ് ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ 28 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
2018 ന് ശേഷം ഒക്ടോബർ മാസത്തിൽ ബംഗാൾ ഉൾകടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലി കാറ്റാണ് “Sitrang”. ഈ വർഷത്തെ രണ്ടാമത്തെ ചുഴലി കാറ്റ് കൂടിയാണ് ഇത്. മേയിൽ “അസാനി” ചുഴലികാറ്റ് രൂപം കൊണ്ട് ഒഡിഷ തീരത്ത് എത്തിയിരുന്നു. തായ്ലാൻഡ് നൽകിയ “Sitrang” എന്ന പേരാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്.