തിരുവനന്തപുരം : 18 വയസ്സിനു താഴെയുള്ളവർക്ക് ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിന്റെ ചിത്രങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ വഴിയോ, സമൂഹ മാധ്യങ്ങളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കർശനമായി വിലക്കി സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സർക്കുലർ. വീഴ്ച വരുത്തിയാൽ ഗൗരവത്തോടെ കാണുമെന്നും സർക്കുലറിൽ പറയുന്നു. പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് രാഷ്ട്രീയ സന്നദ്ധ സംഘടനകൾ വഴിയോ, മറ്റു മാർഗങ്ങളിലൂടെയോ സാമ്പത്തിക സഹായം, പഠനോപകരണങ്ങൾ എന്നിവ നൽകുകയും കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളിക്കുണ്ടാവുന്ന അഭിമാനക്ഷതം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇതിനു വിലക്കേർപ്പെടുത്തിയതെന്ന് വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻപാകെ ഇത് സംബന്ധിച്ച് ഹർജി സമർപ്പിച്ചിരുന്നു.