തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾ ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ. വെള്ളവാഹനങ്ങൾ ഉപയോഗിക്കുന്ന പതിവുമാറ്റി മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ കറുത്ത കാറിൽ യാത്രചെയ്തു തുടങ്ങി. കെ.എൽ.01 സി.ടി. 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വാഹനം. പോലീസ് നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രി കറുത്ത കാറിലേക്കു മാറിയത്. മന്ത്രിമാർക്കും മറ്റ് വി.ഐ.പി.കൾക്കും ടൂറിസം വകുപ്പ് വാഹനം നൽകുമ്പോൾ, സുരക്ഷാകാരണങ്ങളാൽ മുഖ്യമന്ത്രിക്ക് പോലീസാണ് വാഹനമെത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കായി കറുത്തനിറത്തിലുള്ള മൂന്നു ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാർക്ക് എഡിഷൻ ഹാരിയറുകളും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ ലഭിച്ച ആദ്യ കാറാണിത്. വാഹനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ സെപ്‌റ്റംബറിൽ 62.46 ലക്ഷം രൂപ പൊതുഭരണവകുപ്പ് അനുവദിച്ചിരുന്നു. അംബാസിഡർ കാറുകളാണ് മുമ്പ് മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. സ്ഥാനമേറ്റ് ആദ്യദിനങ്ങളിൽ അംബാസിഡറിൽ യാത്രചെയ്തെങ്കിലും ഉമ്മൻചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയൻ ആദ്യം ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്.