ഇറാനില്‍ അടുത്തിടെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. അമോലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സെപ്തംബറിലാണ് 21 കാരനായ ഇര്‍ഫാന്‍ റിസേയി ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ചിത്രം വലിച്ച് കീറിയത്. വളരെ അടുത്ത് നിന്നുള്ള വെടിയേറ്റാണ് ഇര്‍ഫാന്‍ കൊല്ലപ്പെട്ടതെന്നാണ് ബിബിസി പേര്‍ഷ്യനെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധക്കാരാണ് മകനെ കൊലപ്പെടുത്തിയതെന്ന് പ്രതികരിക്കാന്‍ ഇര്‍ഫാന്‍റെ കുടുംബം നിര്‍ബന്ധിതരായിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
പ്രതിഷേധത്തിന് പിന്നാലെ ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതരാണ് ഇര്‍ഫാന്‍റെ മാതാവ് ഫര്‍സാനയെ അറിയിക്കുന്നത്. എന്നാല്‍ എവിടെയാണ് ഇര്‍ഫാനുള്ളത് എന്ന് കണ്ടെത്താന്‍ മൂന്ന് മണിക്കൂറിലധികം അലയേണ്ടി വന്നുവെന്നാണ് ഫര്സാന പ്രതികരിക്കുന്നത്. കണ്ടെത്തുന്ന സമയത്ത് ചോരയില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായി ഓപ്പറേഷന്‍ തിയേറ്ററിന് വെളിയില്‍ ബോധമറ്റ നിലയില്‍ കിടക്കുകയായിരുന്നു ഇര്‍ഫാന്‍. ശരീരത്തിന് പിന്നില്‍ തറച്ച വെടിയുണ്ടകള്‍ കിഡ്നിയും പ്ലീഹയും തകര്‍ത്തതായിരുന്നു ഇര്‍ഫാന്‍റെ മരണകാരണം. അഞ്ച് മീറ്റര്‍ അകലെ നിന്ന് മാത്രമാണ് ഈ വെടിയുണ്ട ഇര്‍ഫാന് ഏറ്റതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
പ്രതിഷേധങ്ങളോ ബഹളങ്ങളോ കൂടാതെ സംസ്കാരം നടത്തണമെന്ന നിബന്ധനയിലാണ് ഇര്‍ഫാന്‍റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ട് നല്‍കിയത്. ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത വ്യക്തിയായിരുന്നു ഇര്‍ഫാന്‍റെ പിതാവ് എന്ന പരിഗണനയിലായിരുന്നു ഇതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. രണ്ട് ആഴചകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഫര്‍സാന ചെയ്ത പോസ്റ്റായിരുന്നു ഇര്‍ഫാന്‍റെ മരണത്തിലെ മറ നീക്കിയത്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരില്‍ 22 കാരിയായ മഹ്സ അമീനിയെ ഇറാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ മരിച്ചിരുന്നു. ഇതിന് പിന്നാലെ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാജ്യം മുന്നേറുന്നതില്‍ താല്‍പര്യമില്ലാത്ത അമേരിക്കയും ഇസ്രയേലും അടങ്ങുന്ന ബാഹ്യശക്തികളെന്നാണ് അയത്തൊള്ള അലി ഖമേനിയും ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ആരോപിച്ചത്.