കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂരിൽ 23കാരിയായ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ . പ്രതിയായ ശ്യാംജിത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിരുന്നോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പാനൂരിലെ വിഷ്ണുപ്രിയെ കൊലപ്പെടുത്തിയ ശ്യാംജിത്തിൽ നിന്ന് കൂടുതൽ അറിയാനുണ്ട്. പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിക്കും. പ്രണയം നിരസിച്ചതിന്റെ പകയിൽ ഇയാൾ ചെയ്തതെല്ലാം പൊലീസ് വിലയിരുത്തുന്നു. കൊലയ്ക്ക് മുമ്പ് ചില സിനിമകൾ കണ്ട് ആസൂത്രണം നടത്തി. ഒന്നരമാസത്തിനകം കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്നും കമ്മീഷണർ വ്യക്തമാക്കി.
ശ്യാംജിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരിക്കുകയാണ്. ശ്യാംജിതിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്.
ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.
വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളെല്ലാം തന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ വാങ്ങിയ കടകളിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്. കൊലപാതകത്തിന് ശേഷം ബൈക്കിൽ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്ത്, വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവച്ചു. പിന്നീട് വീട്ടിൽ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.