റിയാദ്: പേടിപ്പിക്കുന്ന തരം വസ്‍ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം. രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ്’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പേടിപ്പിക്കുന്ന വസ്‍ത്രം ധരിച്ചെത്തുന്നവര്‍ക്കുള്ള പ്രത്യേക ഓഫര്‍.
പേടിപ്പിക്കുന്ന കോസ്റ്റ്യൂമുകള്‍ തയ്യാറാക്കി കഴിവ് തെളിയിക്കാന്‍ എല്ലാവരെയും ബൊള്‍വാര്‍ഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മൂന്നാമത് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.
സൗദി അറേബ്യയിലെ ഋതുഭേദങ്ങൾക്ക് അനുസൃതമായി ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക സീസണൽ ഫെസ്റ്റിവലുകൾ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമാണ് റിയാദ് സീസൺ ഫെസ്റ്റിവൽ.
കലാ സാംസ്കാരിക, വിനോദ, വാണിജ്യ, ഷോപ്പിങ് ആഘോഷമായ റിയാദ് സീസൺ ഫെസ്റ്റിവൽ മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ്. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് രാത്രി ലോക പ്രശസ്ത റാപ്പർ പിറ്റ്ബുള്ളിന്റെ കൺസേർട്ട് നടക്കും. തുടർന്ന് റിയാദ് നഗരത്തിൽ കലാകാരന്മാരുടെ റാലി നടക്കും. നഗരത്തിൽ വിവിധ ഭാഗങ്ങളിലൊരുക്കിയ 14 വേദികളിലായി ഉത്സവം അരങ്ങേറും.മൂന്നുമാസത്തോളം നീളുന്ന ഉത്സവത്തില്‍ ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തും. രണ്ട് കോടി ആളുകൾ ഇത്തവണത്തെ ഉത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7500 കലാസാംസ്കാരിക, വിനോദ പരിപാടികൾ റിയാദ് നഗരത്തിലൊരുങ്ങിയ വിവിധ വേദികളിൽ അരങ്ങേറും. വിവിധ മത്സരങ്ങളും ഉണ്ട്.