തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സർവീസ് സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് സഭ നടത്തും. ഇതിന് ആവശ്യമായ നിർദേശം സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കി.
പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ കാര്യങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയും വ്യക്തിപരമായ പരാതികളും ജില്ലാ പൊലീസ് മേധാവിമാര്‍ സഭയിൽ പരിഗണിക്കും. പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവശ്യമായ നടപടി ജില്ലാ പൊലീസ് മേധാവിമാര്‍ സ്വീകരിക്കും.
പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കുന്നതിന് സബ് ഡിവിഷണൽ പൊലീസ് ഓഫീസര്‍മാര്‍ എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു. റെയ്ഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിർവഹിക്കും












