അന്തിക്കാട് : ബിവറേജസ് ഔട്ട്ലെറ്റിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അരിമ്പൂർ പണിക്കെട്ടി രാകേഷ് (കുഞ്ഞൻ-43) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഇയാൾ ബിവറേജസ് ഔട്ട്ലെറ്റിലെത്തി ക്യൂവിൽ നിൽക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് തട്ടിക്കയറി. മദ്യം ലഭിക്കാതായപ്പോൾ ബില്ലിങ് മെഷീൻ വലിച്ചെറിഞ്ഞ് തകർത്തു. തുടർന്ന് വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ജയിലിൽ നിന്ന് പരോളിലിറങ്ങിയ രാകേഷ്, പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഐനസ് ആന്റണി വധത്തിൽ ഒമ്പതാം പ്രതിയാണ്. അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സോണി, ഷറഫുദ്ദീൻ, സിജു, കമൽകൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.