യുഎസ്സിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നവർക്ക് തടവുശിക്ഷ. സുഎസ് സംസ്ഥാനമായ മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചെൻ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), ഇയാളുടെ അമ്മായിഅച്ഛൻ പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് സംഘാംഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് 2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട 13 പേരിൽ ഉൾപ്പെടുന്നവരാണ് ഇവർ മൂന്നുപേരും. വോൾവറിൻ വാച്ച്‌മെൻ എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. കൊവിഡിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് ഇവർ വിറ്റ്‍മെറിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടത് എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
വിറ്റ്‍മെറിനെ തോക്കിൻമുനയിൽ നിർത്താനും രാജ്യദ്രോഹം ആരോപിച്ച് വിചാരണ ചെയ്യാനും സംഘം പദ്ധതി ഇട്ടിരുന്നു. ഇത് രാജ്യത്ത് ഒരു കലാപത്തിനും ആഭ്യന്തരയുദ്ധത്തിനും കാരണമാകും എന്നായിരുന്നു സംഘത്തിന്റെ പ്രതീക്ഷ.
സംഘത്തിന്റെ നേതാവ് ആദം ഫോക്സ് എന്ന 39 -കാരനെ വിറ്റ്‍മെറിനെ അവരുടെ ഹോളിഡേ ഹോമിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന് ഈ വർഷം ആദ്യം തന്നെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്ന മൂന്നുപേരുടെയും അഭിഭാഷകൻ പറഞ്ഞത് ഇവർക്ക് ഗവർണറെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നു. 2020 വേനൽക്കാലത്ത് തന്നെ അവർ സംഘവുമായി പിരിഞ്ഞിരുന്നു എന്നാണ്.
യഥാക്രമം അഭിപ്രായ സ്വാതന്ത്ര്യം, തോക്ക് കൈവശം വയ്ക്കാനുള്ള അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യുഎസ് ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികൾ പ്രകാരം ഇവരെ ശിക്ഷിക്കാനാവില്ല എന്നും അഭിഭാഷകൻ പറഞ്ഞു.
എന്നാൽ സംഘം ഗവർണറെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടിരുന്നതായി പ്രോസിക്യൂട്ടർ നിരീക്ഷിച്ചു. ഡിസംബർ 15 -ന് ശിക്ഷയ്ക്കായി കാത്തിരിക്കുന്നതിനിടെ തന്നെ ജഡ്ജി തോമസ് വിൽസൺ മൂന്ന് പേരെയും ജയിലിലടക്കാനുത്തരവിട്ടു. ഇതോടെ ഗവർണറെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ട കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം അഞ്ച് ആയിരിക്കുകയാണ്.