പാലക്കാട്: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്സർ ഖാൻ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫ്സർ ഖാന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്ന്. അഫ്സർ ഖാന്റെ വീട്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ ബന്ധുവാണ് അഫ്സർ ഖാൻ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ഇതിനോടകം ശുപാർശ നൽകിയിട്ടുണ്ട്. പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ. കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്ന ഡിഐജിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘവും പ്രാഥമിക വിവരശേഖരണം തുടരുന്നുണ്ട്. പൊലീസ് കണ്ടെടുത്ത 75 KG സ്ഫോടക ചേരുവകൾ എങ്ങനെ ശേഖരിച്ചു എന്നതിന്റെ ചുരുളഴിക്കാണ് ശ്രമം. വിവിധ ഫോറെൻസിക് പരിശോധനകളുടെ പ്രാഥമിക ഫലം ഇന്ന് അന്വേഷണ സംഘത്തിന് കിട്ടിയേക്കും.
സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ജമേഷ മുബീൻ പങ്കുവച്ച വാട്സാപ്പ് വാട്ട്സ്ആപ്പ് സ്റ്റാറ്റസാണ് ചാവേർ ആക്രമണ സംശയം ബാലപ്പെടുത്തുന്നതിൽ ഒന്ന്. എന്റെ മരണ വിവരം അറിഞ്ഞാൽ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം എന്നായിരുന്നു സ്റ്റാറ്റസിലെ ഉള്ളടക്കം. ഇതിന് പുറമെ ജമീഷ മുബീന്റെ മൃതദേഹത്തിൽ നിന്ന് കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. 13 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ജമീഷിന്റെ വീട്ടിൽ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുടെ വിവരവും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ ഒരാളായ ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തെ തുടർന്നാണ് ദുബായിൽ നിന്ന് മൂന്ന് വർഷം മുമ്പ് തിരിച്ചറിയച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പങ്കുവയ്ക്കുന്നു.