വടക്കൻ കേരളത്തിന്‍റെ മണ്ണും മനസുമുണര്‍ത്തി വീണ്ടുമൊരു തുലാപ്പത്ത് കൂടി പിറന്നു. ഏഴിമലയോളം മേലേക്കും ഏഴുകോലാഴം താഴേക്കും പടര്‍ന്നുകിടക്കുന്ന നാട്ടരയാലുകളുടെ വേരുകള്‍ തോറ്റംപാട്ടുകളുടെ വിത്തുകളെ വീണ്ടും തട്ടിയുണര്‍ത്തിത്തുടങ്ങിയിരിക്കുന്നു. കാവുകളും സ്ഥാനങ്ങളും അറകളും മുണ്ട്യകളും കഴകങ്ങളുമെല്ലാം ഉലര്‍ന്നുകത്തുന്ന ചൂട്ടുകറ്റകളുടെ ചുവന്ന വെളിച്ചത്തിലേക്ക് മുങ്ങിത്തുടങ്ങിയിരിക്കുന്നു.
ഇന്നുപുലര്‍ച്ചെ തളിപ്പറമ്പ കൊളച്ചേരി ചാത്തമ്പള്ളിക്കാവിലെ വിഷകണ്ടൻ തെയ്യത്തിന്‍റെ പുറപ്പാടോടെയാണ് കോരപ്പുഴയ്ക്ക് വടക്കും ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കുമായി പരന്നുകിടക്കുന്ന കോലത്തുനാട്ടില്‍ ഇത്തവണയും കളിയാട്ടക്കാലത്തിന് തുടക്കമായത്. വിഷകണ്ടനെ കാണാനും അനുഗ്രഹമേറ്റുവാങ്ങാനും ആയിരങ്ങളാണ് ഇന്ന് ചാത്തമ്പള്ളിക്കാവിലേക്ക് ഒഴുകിയെത്തിയത്.
സൂര്യന്‍ സവ്വൈശ്വര്യങ്ങളും ഭക്തര്‍ക്ക് നല്‍കുന്ന ദിവസമാണ് തുലാമാസത്തിലെ പത്താമുദയം എന്നാണ് വിശ്വാസം. മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്താമുദയവും രണ്ടുണ്ട്. പക്ഷേ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തം ഇല്ലാത്തതുകൊണ്ടു നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്.
കന്നുകാലികളും ആലയും വയലും വിതപ്പാട്ടുമൊക്കെയുള്ള നാട്ടുപഴമ ഓരോ പത്താമുദയവും ഓർമിപ്പിക്കുന്നു. വിളയിറക്കാനുള്ള ശുഭദിനമായും കാലിച്ചേകവൻ ദൈവത്തെ പ്രത്യേക പൂജകളാൽ ഈ ദിവസം പ്രീതിപ്പെടുത്തും. ഇടവപ്പാതിയോടെ അടച്ചകാവുകള്‍ തുറന്ന് വിളക്ക് തെളിച്ച് അടിയന്തിരം നടക്കുന്ന ദിവസവും ഇതാണ്.
എല്ലാ മാസവും സംക്രമദിവസം കാവുകളിൽ നടക്കുന്ന അനുഷ്ഠാനങ്ങൾ പത്താമുദയദിനത്തിലും നടക്കും. വെളിച്ചപ്പാടന്മാർ ദൈവമൊഴികൾ ചൊല്ലും. കോലധാരികൾ, ആചാരസ്ഥാനികർ എന്നിവർക്ക് കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. തറവാട്ടിലെ പൂജാമുറിയിൽനിന്ന് കൊളുത്തിയെടുത്ത തീയെടുത്ത് കന്നിമൂലയിൽ അടുപ്പുകൂട്ടും. വെള്ളോട്ടുരുളിയിൽ ഉണക്കലരിപ്പായസം വേവിച്ച് കാലിച്ചാൻ അഥവാ കാലിച്ചേകവൻ ദൈവത്തിന് നിവേദിക്കും.
പണ്ടുകാലത്ത്, പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്. പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുകയായിരുന്നു പതിവ്. .
മഹാമാരിക്കാലത്തിനു ശേഷം ഇത്തവണ തുലാം ഒന്നുമുതൽ ചിലയിടങ്ങളിൽ തെയ്യംകെട്ട് നടന്നുവെങ്കിലും തുലാപ്പത്താണ് കളിയാട്ടക്കാലത്തെ ഏറ്റവും വിശേഷ ദിവസം. ഇത്രനാളും മതലകങ്ങളില്‍ ഉറങ്ങിക്കിടന്ന കോലങ്ങള്‍ ചെണ്ടമേളം കേട്ടുണരുന്ന നാളുകള്‍. സാധാരണക്കാരന്‍റെ സങ്കടങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമൊക്കെ പങ്കിടാൻ ദൈവം മണ്ണിലിറങ്ങുന്ന നാളുകള്‍. പുത്തനുടുപ്പും ബന്ധുമിത്രാദികളുമൊക്കെയായി ഗ്രാമങ്ങളായ ഗ്രാമങ്ങളൊക്കെ ഒത്തുചേരുന്ന മറ്റൊരു ഓണക്കാലം. പ്രകൃതിയും മനുഷ്യനും ഒന്നായിരുന്ന പ്രാക്തനായുഗത്തിന്‍റെ തിരുശേഷിപ്പ്.