പത്തനംതിട്ട: പത്തനംതിട്ട വാഴക്കുന്നത്ത് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത് മഹിളാ മോര്‍ച്ച നേതാവും ബന്ധുക്കളും. മഹിളാമോര്‍ച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭര്‍ത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട വാഴക്കുന്നത് വച്ച് കോളേജ് വിദ്യാര്‍ത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത്.
പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ ആറന്മുള പൊലീസ് അനുപമയേയും ഭര്‍ത്താവിനേയും സഹോദരനേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അയിരൂര്‍ സ്വദേശികളാണ് അനുപമയും കുടുംബവും. അതേസമയം തങ്ങളെ അക്രമിച്ചെന്ന് കാണിച്ച് അനുപമയും ബന്ധുക്കളും നൽകിയ പരാതിയിൽ കോളേജ് വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തിൽ നിൽക്കുകയായിരുന്ന കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിലെ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. ഒരു പാട് സിനിമകളിൽ ലൊക്കേഷനായിട്ടുള്ള അക്വഡേറ്റ് പാലത്തിൽ കാഴ്ചക്കാരായി ഒരുപാട് ആളുകൾ എത്താറുണ്ട്. ഇന്നലെ പാലത്തിൻ്റെ മുകളിൽ നിന്ന വിദ്യാർത്ഥികളെ കാറിലെത്തിയ ഒരു സ്ത്രീയും പുരുഷനും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. വിദ്യാര്‍ത്ഥികൾ പകര്‍ത്തിയ മൊബൈൽ ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനുപമയേയും ബന്ധുക്കളേയും തിരിച്ചറിഞ്ഞതും കേസിൽ പ്രതി ചേര്‍ത്തതും. സംഘര്‍ഷത്തിൽ വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നീ വിദ്യാര്‍ത്ഥികൾക്കാണ് പരിക്കേറ്റത്. അക്രമത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.