കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട മേലുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് പറഞ്ഞു. പൊലീസുകാര്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ല.
ഈ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പൊലീസ് മേധാവിയിൽ നിന്നും മാര്‍ഗ്ഗനിര്‍ദേശം ഇറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റുമുണ്ടാകുന്ന നിലയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. പൊലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. നിലവിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.