ബെംഗളൂരു : കേരളത്തിൽനിന്നുള്ള ബസിൽ രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ ആക്രമിച്ചശേഷം പണം കവർന്നു. തൃശ്ശൂർ സ്വദേശി ഫയാസ് മുഹമ്മദിനെ (23) യാണ് രണ്ടുപേർ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പണം കവർന്നത്. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ഫയാസ് ബെംഗളൂരുവിലെ സുഹൃത്തിനെ കണ്ട ശേഷം മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ ആറു മണിയോടെ ലാൽബാഗ് വെസ്റ്റ് ഗേറ്റിന് സമീപം ബസിൽ നിന്നിറങ്ങിയശേഷം കാബ് ബുക്ക് ചെയ്യുന്നതിനിടെ രണ്ടുപേർ സ്കൂട്ടറിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ചു.
അക്രമികളുടെ കൈയിൽനിന്ന് ഫോൺ തിരികെ മേടിച്ചെങ്കിലും ഒരാൾ കത്തിയെടുത്ത് ഫയാസിന്റെ വയറ്റിലും കൈകളിലും കുത്തി. തുടർന്ന് ഫോണും കൈയിലുണ്ടായിരുന്ന ആയിരം രൂപയും തട്ടിയെടുത്തു. ഇതിനിടെ മറ്റു യാത്രക്കാർ ഫയാസിനെ രക്ഷിക്കാൻ വരുന്നതുകണ്ട് അക്രമികൾ രക്ഷപ്പെടുന്നതിനിടെ കൈയിൽനിന്ന് ഫോൺ താഴെവീണു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫയാസിന്റെ ആരോഗ്യനില തൃപ്തികരമാണ്.