ദില്ലി: പ്രധാനമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലി കേരള ഹൗസിൽ ഉള്ള മുഖ്യമന്ത്രി ചിന്തൻ ശിവിറിന്റെ രണ്ടാം ദിനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, പിണറായി വിജയനും മാത്രമാണ് ഇന്നലെ ചിന്തൻ ശിവിറിൽ പങ്കെടുത്തിരുന്നത്. മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, ഭൂപേഷ് ഭഖേൽ, നിതീഷ് കുമാർ, എം.കെ.സ്റ്റാലിൻ, നവീൻ പട്നായിക്ക് എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.
അതേസമയം ഭരണഘടനയിൽ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചിന്തൻ ശിവിറിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നതിക്കായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമപാലനത്തെ ശക്തിപ്പെടുത്താൻ പല പരിഷ്കാരങ്ങളും നടപ്പാക്കാനായി. പുതിയ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് സാധാരണക്കാർക്ക് മനസ്സിലാകുന്നതാകണം. സ്വാതന്ത്ര്യത്തിനു മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് സംസ്ഥാനങ്ങളോട് മോദി നിർദേശിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അവ ഭേദഗതി ചെയ്യണം. രാജ്യത്തിന്റെ ശക്തി വർദ്ധിക്കുമ്പോൾ വ്യക്തിയുടെയും കുടുംബത്തിന്റേയും ശക്തി വർദ്ധിക്കും. സംസ്ഥാനങ്ങൾക്ക് പരസ്പരം പഠിക്കാനും പ്രചോദിപ്പിക്കാനുമാകുമെന്നും മോദി പറഞ്ഞു. ചിന്തൻ ശിവിർ കോ – ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ ഉദാഹരണമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചിന്തൻ ശിവിറിന്റെ ആദ്യ ദിവസം പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണെന്ന് പറഞ്ഞിരുന്നു. കസ്റ്റഡി അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലേത് ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണെന്നും സേവന മനോഭാവവും ജനസൗഹൃദമായ പൊലീസ് സേനയും ലക്ഷ്യമിട്ടാണ് സർക്കാര്‍ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ജനസൗഹൃദവും ജനകേന്ദ്രീകൃതവും ആകുന്നതാണ് പരമപ്രധാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസ് സേനയുടെ നവീകരണത്തിന് കേന്ദ്രസഹായം കൂട്ടണമെന്നും അഭ്യര്‍ത്ഥിച്ചു.