തിരുവനന്തപുരം: കാമുകി ജ്യൂസ് നൽകിയതിനെ തുടർന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി.
ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബറിലേ നടക്കൂവെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.
സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോൾ വീട്ടിൽ. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ഷാരോൺ ഛർദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളിൽ ചെന്നതായുള്ള സൂചനകളില്ല. കൂടുതൽ പരിശോധനയ്ക്ക് സാന്പിൾ ലാബിലേക്ക് അയച്ചു. ഇതിന്‍റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.