ദില്ലി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനയ്ക്ക് ഏകീകരിച്ച യൂണിഫോം എന്ന ആശയം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ട് വച്ചത്. ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും ഇത് നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പൊലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്ന് പറഞ്ഞ മോദി സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ആഭ്യന്തര മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തി.
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് രാജ്യത്തെ കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുന്നു. അതിനാല്‍ ക്രമസമാധാനം പരിപാലിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഇത് രാജ്യത്തിന്‍റെ ഐക്യത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും സംസ്ഥാനങ്ങള്‍ക്ക് പരസ്പരം ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത് രാജ്യത്തിന്‍റെയും ജനങ്ങളുടെയും ഉന്നതിയ്ക്ക് വഴിവെയ്ക്കുമെന്നും മോദി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കും നീളുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഒരേ വൈദഗ്ദ്ധ്യത്തോടെ ഒറ്റക്കെട്ടായി ഇത്തരം കാര്യങ്ങളെ നേരിടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.
നിയമപാലനത്തെ ശക്തിപ്പെടുത്താൻ പല പരിഷ്കാരങ്ങളും നമ്മുക്ക് നടപ്പാക്കാനായി. പുതിയ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് സാധാരണക്കാർക്ക് മനസ്സിലാകുന്നതാകണമെന്നും സ്വാതന്ത്ര്യത്തിനു മുമ്പ് ഉണ്ടാക്കിയ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവ ഭേദഗതി ചെയ്യണം. രാജ്യത്തിന്‍റെ ശക്തി വർദ്ധിക്കുമ്പോൾ വ്യക്തിയുടെയും കുടുംബത്തിന്‍റെയും ശക്തി വർദ്ധിക്കും. ചിന്തൻ ശിവിർ കോ – ഓപ്പറേറ്റീവ് ഫെഡറലിസത്തിന്‍റെ ഉദാഹരണമാണെന്നും മോദി ചൂണ്ടിക്കാട്ടി.
വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രത്യേക ശ്രദ്ധ വേണം. ഇത്തരത്തിലുള്ള വാർത്തകള്‍ പലപ്പോഴും രാജ്യത്ത് കൊടുങ്കാറ്റുകളെ തുറന്ന് വിട്ടേക്കാം. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും മോദി വ്യക്തമാക്കി. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സഹായം വേണമെന്ന് ഇന്നലെ ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറില്‍ അമിത് ഷാ അധ്യക്ഷത വഹിച്ചു.