മനാമ: മലയാളി യുവാവിനെ ബഹ്റൈനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബഹ്റൈനില്‍ ഒരു റെന്റല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് രാജീവന്‍ ജോലി സ്ഥലത്തു നിന്ന് മുറിയില്‍ തിരിച്ചെത്തിയത്. ആറ് മണിയോടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി.
15 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന രാജീവന്റെ ഭാര്യയും, നാലും ഏഴും വയസുള്ള രണ്ട് മക്കളും അച്ഛനും അമ്മയും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഉയര്‍ന്ന പലിശയ്ക്ക് അനധികൃതമായി പണം കടം കൊടുക്കുന്ന ചിലരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിലൂടെ ചില ബാധ്യതകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയിരുന്നെന്നും സാമൂഹിക പ്രവര്‍ത്തകരെ ഉദ്ധരിച്ച് ബഹ്റൈനി മാധ്യമമായ ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.