അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടില്‍ കടന്നുകയറി 42കാരന്‍റെ അക്രമം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് അമേരിക്കൻ സ്പീക്കറുടെ ഭര്‍ത്താവ് പോള്‍ പെലോസി. അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇവരുടെ വീട്ടിലേക്ക് വെള്ളിയാഴ്ച രാവിലെയാണ് അക്രമി കടന്നുകയറിയത്. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. നാന്‍സി പെലോസി വാഷിംഗ്ടണില്‍ ആയിരുന്ന സമയത്തായിരുന്നു വീട്ടില്‍ അക്രമം നടന്നത്.
82കാരനായ പോള്‍ പെലോസിയെ ആക്രമിച്ചതിന് 42കാരനായ ഡെ പേപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാന്‍സി പെലോസി എവിടെ എന്ന് ചോദിച്ചായിരുന്നു 42കാരന്‍ ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാന്‍സ്ഫ്രാന്‍സിസ്കോയിലെ സുക്കര്‍ബെര്‍ഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് പോള്‍ പെലോസിയെ. നരഹത്യ, ആയുധം കൊണ്ടുള്ള ആക്രമണം, മുതിര്‍ന്ന പൌരന്മാര്‍ക്കെതിരായ ആക്രമണം, കവര്‍ച്ച അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഡെ പേപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം നടന്നത്.
വിവരം ലഭിച്ചത് അനുസരിച്ച് പെലോസിയുടെ വീട്ടില്‍ പൊലീസ് എത്തുമ്പോള്‍ ചുറ്റിക കൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്ന പോളിനെയാണ് കാണാന്‍ സാധിച്ചത്. പെട്ടന്നുണ്ടായ ആക്രമണത്തിന്‍റെ കാരണത്തേക്കുറിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. പെലോസി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെലോസി പഴയത് പോലെ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഭീകരമായ അതിക്രമം എന്നാണ് പെലോസിക്കെതിരായ ആക്രമണത്തെ വൈറ്റ് ഹൌസും പ്രസിഡന്‍റ് ജോ ബൈഡനും വിലയിരുത്തിയത്. അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കറായ നാൻസി പെലോസി യുഎസ് കോണ്‍ഗ്രസിലേക്ക് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയാണ് പോള്‍ പെലോസി.
ഓഗസ്റ്റ് മാസത്തില്‍ നാന്‍സി പെലോസി നടത്തിയ തയ്വാന്‍ സന്ദര്‍ശനത്തില്‍ ചൈന പ്രകോപിതരായിരുന്നു. പെലോസിയുടെ സന്ദർശനത്തിന് തൊട്ടു മുമ്പ് തയ്വാന്‍ അതിര്‍ത്തിയിലേക്ക് ചൈന യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു. ദ്വീപിന് ചുറ്റിലുമുള്ള സൈനിക വിന്യാസവും ചൈന കൂട്ടിയിരുന്നു. എന്നാല്‍ നാന്‍സി പെലോസിക്ക് ഉന്നത പൗര ബഹുമതി നൽകിയാണ് തായ്വാന്‍ ആദരിച്ചത്. പെലോസിയുെട പിന്തുണയ്ക്ക് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെൻ നന്ദിയും രേഖപ്പെടുത്തിയിരുന്നു.