ഉക്കടം സ്ഫോടനത്തിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ 31ാം തിയതി നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത. ഭീകരതയെ ചെറുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോയമ്പത്തൂർ സൗത്ത് എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വനതി ശ്രീനിവാസനാണ് ബന്ദിന് ആഹ്വാനം നൽകിയത്. എന്നാൽ ബന്ദ് നടത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ, മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ അറിയിച്ചു.
ബന്ദിനെതിരെ കോയമ്പത്തൂരിലെ വ്യാപാരിയായ വി.ആർ.വെങ്കിടേഷ് നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിക്കവേയാണ് അണ്ണാമലൈ ഇക്കാര്യം വിശദമാക്കിയത്. എന്നാല്‍ ബന്ദുമായി മുന്നോട്ട് പോകുമെന്ന് വനതി ശ്രീനിവാസൻ ആവർത്തിച്ചത്. മറ്റന്നാൾ എന്ത് നടക്കുമെന്ന് കോടതി നിരീക്ഷിക്കുമെന്നും നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും ജ.പരേഷ് ഉപാധ്യായ, ജ.ഡി.ഭാരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടി തീരുമാനം ആയിട്ടില്ലെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയത്. പൊലീസിനോട് ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് കോടതി നല്‍കിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിന് കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഒക്ടോബര്‍ 23ന് നടന്ന സ്ഫോടനത്തില്‍ ആറ് പേരെയാണ് തമിഴ്നാട് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ഗൌണ്ട പാളയം, സുന്ദരാപുരം, കരുമ്പകടൈ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സ്ഥിതിക്ക് ബന്ദ് നടത്തുന്നത് അനാവശ്യമാണെന്നായിരുന്നു കോയമ്പത്തൂരിലെ ടീച്ചര്‍ പബ്ളിഷിംഗ് ഹൌസ് ഉടമ വി ആറ് വെങ്കടേഷ് പൊതുതാല്പര്യ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.