തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ കാമുകി നൽകിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി. ഷാരോൺ രാജിനെ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ. താൻ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാം. കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്‍റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. മരുന്ന് വാങ്ങി കഴിച്ചാൽ ഛര്‍ദ്ദിമാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്‍റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതിൽ ക്ഷാമപണവുമുണ്ട്. എന്നാൽ, ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മജിസ്ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.












