തിരുവനന്തപുരം : സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്‌ടമായ ബധിര വിദ്യാര്‍ഥി റോഷനു സഹായം പ്രഖ്യാപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു നഗര സഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒപ്പം മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിനു പിന്നാലെയാണ് മേയറുടെ അറിയിപ്പ്.
ആര്യാ രാജേന്ദ്രന്റെ കുറിപ്പ്:
കഴിഞ്ഞ ദിവസം മാധ്യമ വാര്‍ത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്‌ക്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാര്‍ത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാര്‍ത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നല്‍കാന്‍ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാന്‍ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവര്‍ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.
മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ….
ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയും രാജാജി നഗര്‍ സ്വദേശിയുമായ റോഷന്‍ എസ് ലെനിന്റെ 1.38 ലക്ഷം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗാണ് നഷ്‌ടമായത്. സ്‌കൂളില്‍ നിന്ന് അച്ഛന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം.