ദില്ലി: ലോകത്തെ ഏറ്റവും വലിയ തൊഴിൽദാതാവ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയമെന്ന് റിപ്പോർട്ട്. മാർക്കറ്റ് ആൻഡ് ഡാറ്റ അനസൈലിങ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്ന. 29.2 ലക്ഷം പേരാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നത്. അമേരിക്കൻ പ്രതിരോധ മന്ത്രാലയമാണ് തൊട്ടുപിന്നിൽ. യുഎസ് പ്രതിരോധ രംഗത്ത് 29.1 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് സ്റ്റാറ്റിസ്റ്റ. ലോകം ആകെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് വിവരങ്ങളും സ്റ്റാറ്റിസ്റ്റിക്സും ലഭ്യമാക്കുന്ന സ്ഥാപനമാണിത്.
റിപ്പോർട്ട് പ്രകാരം ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന മൂന്നാമത്തെ സംവിധാനം. അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ വാൾമാർട്ടാണ് സ്വകാര്യ കമ്പനികളിൽ ഏറ്റവും വലിയ തൊഴിൽദാതാവ്. 23 ലക്ഷം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ആമസോണിന് കീഴിൽ 16 ലക്ഷം പേർ ജോലി ചെയ്യുന്നു. ലോകത്താകമാനം പ്രതിരോധ മന്ത്രാലയങ്ങളാണ് ഏറ്റവും വലിയ തൊഴിൽദാതാക്കൾ എന്ന സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് ഒട്ടും തന്നെ അമ്പരപ്പിക്കുന്നതല്ല. 2021ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ സൈന്യത്തിന് വേണ്ടി രാജ്യങ്ങൾ ചെലവഴിച്ച തുക 2113 ബില്യൺ അമേരിക്കൻ ഡോളറാണ്.